ഇന്ദുലേഖ ഡോട്ട് കോമിനേക്കുറിച്ച് മാതൃഭൂമി
Posted by Swapna Tom Mangatt
പുസ്തകക്കടയില്‍ പോകാതെ പുതിയ മലയാളപുസ്തകങ്ങള്‍ ‘രുചിച്ചു നോക്കാന്‍’ ഒരു വെബ്‌സൈറ്റ്. നവീനമായ ഈ ആശയത്തിന്റെ സാക്ഷാത്‌കാരമാണ് ഇന്ദുലേഖ ഡോട് കോം. പുസ്തകങ്ങള്‍ പരിചയപ്പെടാനും അവയുടെ ഏതാനും പേജുകള്‍ വായിക്കാനും കഴിയുമെന്നതാണ് ഈ സൈറ്റിന്റെ സവിശേഷത. എല്ലാ ദിവസവും ഓരോ പുതിയ പുസ്തകം ഈ ശേഖരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. മാതൃഭൂമി ബുക്‍സ് മുതലുള്ള മലയാളത്തിലെ പ്രസാധകര്‍ ഈ സംരംഭത്തില്‍ പങ്കാളികളാണ്.
പുസ്തകം ഓര്‍ഡര്‍ ചെയ്യാനും ‘ഇന്ദുലേഖ’യില്‍ സൌകര്യമുണ്ട്. മറുനാടന്‍ മലയാളികള്‍ക്കായിരിക്കും ഈ സൈറ്റ് ഏറ്റവുമധികം പ്രയോജനപ്പെടുക.
ഇന്റര്‍നെറ്റിലെ നവതരംഗമായ ബ്ലോഗിങ്ങിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരുക്കിയിരിക്കുന്ന മലയാളത്തിലെ ആദ്യസൈറ്റു കൂടിയാണിത്. പുസ്തകവായനയ്ക്കൊപ്പം അഭിപ്രായം രേഖപ്പെടുത്താനും ഇതില്‍ സൌകര്യമുണ്ട്. വിഷയക്രമത്തില്‍ പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതു നോക്കിയോ സേര്‍ച്ച് സൌകര്യമുപയോഗിച്ചോ ആവശ്യമുള്ള പുസ്തകങ്ങള്‍ കണ്ടുപിടിക്കാം. വായനക്കാരുടെ പ്രതികരണങ്ങളുടെ അടിസ്ഥനത്തില്‍ തയാറാക്കുന്ന ‘ടോപ് ടെന്‍’, വിഷയാധിഷ്ഠിതമായി പുസ്തകങ്ങള്‍ അവതരിപ്പിക്കുന്ന ‘സെലക്ഷന്‍സ് ’ തുടങ്ങിയവ പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പും വായനയും എളുപ്പമാക്കുന്നു.
പുസ്തകങ്ങള്‍ മാത്രമല്ല, സിനിമയും ചിത്രകലയും മുതല്‍ നാടന്‍ഭക്ഷണം വരെ ‘ഇന്ദുലേഖ’യുടെ ഭാഗമാകുന്നുണ്ട്. രാജാ രവിവര്‍മ മുതലുള്ള മലയാള ചിത്രകലയിലെ വിവിധ തലമുറകള്‍ ചിത്രകലാവിഭാഗത്തില്‍ ഒന്നിക്കുന്നു. മഴയുമായി ബന്ധപ്പെട്ട എഴുത്തുകളും ചിത്രങ്ങളും കോര്‍ത്തിണക്കിയ പ്രത്യേക വിഭാഗം ഏറെ കൌതുകകരമാണ്. പുതുതായി ചേര്‍ത്തിരിക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങള്‍ മുതല്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ വരെ ഉള്‍പ്പെടുത്തി എല്ലാ ആഴ്ചയും ഒരു ന്യൂസ് ലെറ്ററും ‘ഇന്ദുലേഖ’ പ്രസിദ്ധീകരിക്കുന്നുണ്ട്. സൈറ്റില്‍ ഇ-മെയില്‍ വിലാസം നല്‍കിയാല്‍ ആര്‍ക്കും ഇതിന്റെ വരിക്കാരകാം.
മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള ഈ സൈറ്റില്‍, യൂണികോഡിലുള്ള മലയാളം ലിപിവിന്യാസമാണ് ഉപയോഗിച്ചിരിക്കുന്നത്. കമ്പ്യൂട്ടറില്‍ യൂണികോഡ് ഫോണ്ടുകള്‍ ഇല്ലാത്തവര്‍ക്ക് ‘ഇന്ദുലേഖ’യില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
(2006 ജനുവരി ഒന്നിന് തുടക്കമിട്ട ഇന്ദുലേഖ ഡോട്ട് കോമിനേക്കുറിച്ച് ഏതെങ്കിലും മാധ്യമത്തില്‍ വരുന്ന ആദ്യത്തെ പരാമര്‍ശമാണ്. വളരെ ചെറിയൊരു തുടക്കമാണ് ഞങ്ങളുടേത്. അതിന് ഇത്ര വലിയൊരു പ്രോത്സാഹനം തന്ന മാതൃഭൂമിക്കും ബിജുരാജിനും നന്ദി.)
