HOME

India Today ഇന്ദുലേഖയേക്കുറിച്ച്

Posted by

നെറ്റിന്റെ സ്വാതന്ത്ര്യപാഠങ്ങള്‍
-രശ്‌മി ബിനോയ്

സ്വപ്‌ന എഡിറ്ററായ ഇന്ദുലേഖ ഡോട്ട് കോം ഒറ്റ വര്‍ഷം കൊണ്ട് മലയാളത്തിന്റെ ഓണ്‍ലൈന്‍ ഉത്‌സവമായി മാറി. മാസം രണ്ടു ലക്ഷം പേജ് വ്യൂ ഉണ്ട് ഇന്ദുലേഖയ്‌ക്ക്.

“വെബ്‌സൈറ്റ് തുടങ്ങുകയോ, വേറെ പണി നോക്കിക്കൂടെ, വയസിത്രയല്ലേ ആയുള്ളൂ”, എന്ന് അത്‌ഭുതപ്പെടുകയും പേടിപ്പിക്കുകയും നിരുത്‌സാഹപ്പെടുത്തുകയും ചെയ്‌തവരായിരുന്നു കൂടുതലും.
എങ്കിലും സ്വപ്‌ന ടോം മങ്ങാട്ടിന് കോട്ടയത്തിരുന്നു തുടങ്ങിയ ഇന്ദുലേഖ ഡോട്ട് കോം എന്ന തന്റെ സൈറ്റ് മലയാളത്തിന്റെ ഓണ്‍ലൈന്‍ ഉത്‌സവമാകുമെന്ന് തന്നെ വിശ്വസിക്കാനായിരുന്നു ഇഷ്‌ടം.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ഇന്ദുലേഖയ്‌ക്ക് ഒരു വയസു തികയുമ്പോള്‍ 107 രാജ്യങ്ങളില്‍ നിന്നു സന്ദര്‍ശകരുള്ള , മാസം രണ്ടു ലക്ഷത്തിനടുത്ത് ഇന്റര്‍നെറ്റ് ഉപയോക്‌താക്കള്‍ കാണുന്ന വെബ് പേജായി അതു മാറിക്കഴിഞ്ഞു.

‘ലോകമെങ്ങുമുള്ള മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വയ്‌ക്കുന്ന എല്ലാം’ ഇവിടെയുണ്ട്. പുസ്‌തകങ്ങള്‍, സിനിമകള്‍, ചിത്രങ്ങള്‍, പാചകകുറിപ്പുകള്‍…. വെബ്‌സൈറ്റുകളെ വിലയിരുത്തുന്ന അലക്‌സ സൈറ്റിന്റെ കണക്കനുസരിച്ച് ഇന്ദുലേഖയുടെ റാങ്ക് മലയാളത്തിലെ വാര്‍ത്തേതര സൈറ്റുകളില്‍ ഏറ്റവും മികച്ചതാണ്.

അടുത്ത സുഹൃത്തുക്കളോടു മാത്രം ആലോചിച്ചാണ് താന്‍ ഈ സംരംഭം തുടങ്ങിയതെന്ന് സൈറ്റ് എഡിറ്ററായ സ്വപ്‌ന പറയുന്നു. ‘നടക്കില്ല’ എന്ന അഭിപ്രായമായിരിക്കും കൂടുതല്‍ എന്നതു കൊണ്ടു തന്നെയാണ് അധികമാരോടും ആലോചിക്കാതിരുന്നതെന്നും.

“കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട് ഇപ്പോള്‍; വീട്ടിലിരുന്നു ജോലി ചെയ്യാം; അവധിയെടുക്കുന്നതും വേണ്ടെന്നു വയ്‌ക്കുന്നതും സ്വന്തം ഇഷ്‌ടപ്രകാരം; ഒരു പാടു സമയവും കിട്ടുന്നു.
ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ഒരുപാടു മലയാളപുസ്‌തകങ്ങള്‍ ഞങ്ങള്‍ വില്ക്കുന്നുണ്ട്. മറുനാടന്‍ മലയാളികള്‍ക്ക് ഇതു വളരെ സഹായകമാണ്, ” സ്വപ്‌ന പറയുന്നു. പുസ്‌തകശാലയില്‍ ചെന്നു പുസ്‌തകങ്ങളുടെ ആദ്യപേജുകള്‍ മറിച്ചു നോക്കി തെരഞ്ഞെടുക്കുന്നതു പോലെ ഇന്ദുലേഖയില്‍ ക്ലിക്ക് ചെയ്‌താല്‍ സ്‌കാന്‍ ചെയ്‌തു ചേര്‍ത്തിരിക്കുന്ന പുസ്‌തകത്താ‍ളുകള്‍ കാണാം.

2006 ഏപ്രിലില്‍ ഇന്ദുലേഖ എം.ടി. പുസ്‌തകോത്‌സവം നടത്തി. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നത്രെ ഇത്: ഒരു എഴുത്തുകാരന്റെ എല്ലാ പുസ്‌തകങ്ങളും ദിവസം ഒന്ന് എന്ന തോതില്‍ ഒരു വെബ് പത്രത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ദുലേഖയിലെ ടോപ്‌ടെന്‍ പുസ്‌തക, സിനിമാ പട്ടികയാണ് കലാകൌമുദിയും ചിത്രഭൂമിയും പ്രസിദ്ധീകരിക്കാറ്.

ദീപിക ദിനപത്രത്തിലെ സബ്‌ എഡിറ്റര്‍ സ്‌ഥാനത്തു നിന്ന് വി.ആര്‍. എസ് എടുക്കുമ്പോള്‍ ഒമ്പതോളം വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയമുള്ള സ്വപ്‌നയ്ക്ക് വെറുതെ വീട്ടില്‍ ഇരിക്കുന്നത് ആലോചിക്കാനേ കഴിയില്ലായിരുന്നു. മക്കള്‍ കുഞ്ഞുങ്ങളായതിനാല്‍ കൂടുതല്‍ സമയവും സൌകര്യവുമുള്ള എന്തെങ്കിലും വേണമെന്ന് ആഗ്രഹിച്ചു. വീട്ടിലിരുന്നും ഇന്റര്‍നെറ്റ് വഴി ജോലി ചെയ്യാം എന്ന് ഒരു ഇം‌ഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനം വായിച്ചതോടെയാണ് ഒരു മാസത്തെ എച്ച് ടി എം എല്‍ (വെബ് പേജുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന സാങ്കേതിക ഭാഷ ) കോഴ്‌സിനു ചേര്‍ന്നതും വെബ്‌സൈറ്റ് തുടങ്ങിയതും.

മലയാളി സ്ത്രീകള്‍ക്ക് അനുഗ്രഹമാകുകയാണ് ഇന്റര്‍‌നെറ്റ്. ഇ-പ്രസിദ്ധീകരണങ്ങള്‍, വിവര്‍ത്തനജോലികള്‍, ഓണ്‍ലൈന്‍ ഓഹരി വ്യാപാരം, ഇ-കൊമേഴ്‌സ് എന്നിങ്ങനെ ഇന്റര്‍നെറ്റ് തുറന്നിടുന്ന ലോകം വിപുല
മാണ്. കം‌പ്യൂട്ടര്‍ പരിജ്‌ഞാനം നേടിയ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ സാമ്പത്തികസ്വാശ്രയത്വത്തിന്റെയും വ്യക്തിത്വവികസനത്തിന്റെയും അറിവുനേടലിന്റെയും മാര്‍ഗങ്ങളായി മാറുകയാണിത്.

(INDIA TODAY, Malayalam, 2007 February 7)

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.