കന്യക മാസികയില്‍ Indulekha.com
Posted by Tom Mangattമംഗളം ഗ്രൂപ്പിന്റെ പ്രമുഖ വനിതാപ്രസിദ്ധീകരണമായ കന്യക 2009 ജൂലൈ ലക്കത്തില്‍ സ്വപ്നയുമായുള്ള അഭിമുഖം സഹിതം ഇന്ദുലേഖ ഡോട്ട് കോമിനെക്കുറിച്ച് ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. തെരേസ തയാറാക്കിയ കന്യകയിലെ ഫീച്ചര്‍ താഴെ. കന്യകയ്ക്കും എഡിറ്റര്‍ ഇന്‍ ചാര്‍ജ് എ ചന്ദ്രശേഖറിനും തെരേസയ്ക്കും നന്ദി.

റെക്കോഡ് ഉയരങ്ങളില്‍ ഇന്ദുലേഖ
- തെരേസ
ഇന്റര്‍നെറ്റിലൂടെ ഒരു റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് സ്വപ്‌ന ടോം. 123 രാജ്യങ്ങളിലെ മലയാളികള്‍ സന്ദര്‍ശിക്കുന്ന മാസം 49 ലക്ഷം ഹിറ്റുകളും രണ്ടരലക്ഷം സന്ദര്‍ശകരുമുള്ള പോര്‍ട്ടലായി മാറിയ ഇന്ദുലേഖ ഡോട്ട് കോമിന്റെ സാരഥിയാണ് ഈ ചെറുപ്പക്കാരി.
പുസ്തകങ്ങള്‍ക്കുവേണ്ടി ഒരു പോര്‍ട്ടല്‍ തുടങ്ങണമെന്ന ആശയം മറ്റുള്ളവരുമായി പങ്കുവച്ചപ്പോള്‍ സ്വപ്നയെ പിന്തുണയ്ക്കാന്‍ ഭര്‍ത്താവ് ടോം ഒഴികെ ആരുമുണ്ടായിരുന്നില്ല. എതിര്‍പ്പുകളെ അവഗണിച്ച് ഇന്ദുലേഖ ഡോട് കോം ആരംഭിച്ചപ്പോഴും ഇത് എത്രകാലം നിലനില്‍ക്കും എന്ന മനോഭാവമായിരുന്നു പലര്‍ക്കും. ഇന്ന് മൂന്നരവര്‍ഷം കഴിയുമ്പോള്‍ മാസം 49 ലക്ഷം ഹിറ്റുകളും രണ്ടരലക്ഷം സന്ദര്‍ശകരുമുള്ള പോര്‍ട്ടലായി ഇന്ദുലേഖ മാറിയിരിക്കുന്നു. 123 രാജ്യങ്ങളിലെ മലയാളികള്‍ ഇന്ദുലേഖ സന്ദര്‍ശിക്കുന്നു. രണ്ടു പ്രാവശ്യം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഈ പോര്‍ട്ടല്‍ സ്ഥാനം പിടിച്ചു.
“തുടക്കത്തില്‍ നന്നായി ബുദ്ധിമുട്ടി. ആശയം പലരോടും പറഞ്ഞപ്പോള്‍, എന്താണു സംഭവമെന്നു പലര്‍ക്കും മനസ്സിലായില്ല. സാങ്കേതികപ്രശ്നങ്ങളും കൂടുതലായിരുന്നു. ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ ഇന്നത്തെപ്പോലെ സുലഭമായിയിട്ടില്ല. ഇന്റര്‍നെറ്റിന്റെ സ്പീഡ് വളരെ കുറവായിരുന്നു.” ഇന്ദുലേഖയുടെ എഡിറ്റര്‍ സ്വപ്ന ടോം മങ്ങാട്ട് ഓര്‍ക്കുന്നു.
“തുടക്കത്തില്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു. പുസ്തകങ്ങളുടെ വിശകലനവും രണ്ടുമൂന്ന് പേജുകളും കൊടുക്കും. ആദ്യത്തെ ഒരുവര്‍ഷം യാതൊരു ലാഭവും പോര്‍ട്ടല്‍ തന്നില്ല. എന്തു വന്നാലും വേണ്ടില്ല തുടങ്ങിയതല്ലേ ഇനി പിന്നോട്ടില്ല എന്നു തീരുമാനിച്ചായിരുന്നു മുന്നേറിയത്. ഒരു വര്‍ഷം ആകുന്നതിനു മുമ്പേ എം.ടിയുടെ എല്ലാ പുസ്തകങ്ങളുടെയും പ്രദര്‍ശനം തുടങ്ങി. ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു ഒരു എഴുത്തുകാരന്റെ എല്ലാ പുസ്തകങ്ങളും ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചത്. ആദ്യം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പോര്‍ട്ടല്‍ ഇടംപിടിച്ചത് ഈ പ്രദര്‍ശനത്തിലൂടയാണ്.” സ്വപ്ന പറയുന്നു.
അടുത്തയിടെ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലൂടെ വീണ്ടും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇന്ദുലേഖ ഡോട്ട് കോം ഇടം തേടി. മലയാളത്തില്‍ മറ്റൊരു സൈറ്റിനും അവകാശപ്പെടാന്‍ കഴിയാത്തതാണ് ഈ ഇരട്ട ബഹുമതി.
“സാങ്കേതികപ്രശ്നങ്ങള്‍ വളരെയധികം വലച്ചിട്ടുണ്ട്. തുടക്കത്തില്‍ ഞങ്ങള്‍ക്ക് ഡെഡിക്കേറ്റഡ് സെര്‍വറൊന്നും ഉണ്ടായിരുന്നില്ല. ബ്ലോഗര്‍ ഉപയോഗിച്ചായിരുന്നു സൈറ്റിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത്. അക്കാലത്ത് ബ്ലോഗുകള്‍ക്ക് ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഇന്ദുലേഖയേയും ബാധിച്ചു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ പോര്‍ട്ടലേ ഇല്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. അത്രയും നാള്‍ ചെയ്തതു മുഴുവന്‍ വെള്ളത്തില്‍! എല്ലാ തിങ്കളാഴ്ചയും സ്ഥിരം സന്ദര്‍ശകര്‍ക്ക് ന്യൂസ്‌ലെറ്റര്‍ അയയ്ക്കാറുണ്ട്. ഒരിക്കല്‍ വൈറസ് അറ്റക്കിന്റെ ഫലമായി ഞങ്ങളുടെ ഇ-മെയിലില്‍ നിന്നും എല്ലാവര്‍ക്കും ന്യൂസ്‌ലെറ്ററായി ചെന്നത് സ്‌പാം സ്വഭാവമുള്ള അസഭ്യവാക്കുകള്‍ നിറഞ്ഞ വാചകങ്ങളായിരുന്നു. ഇതേ രീതിയിലുള്ള പല പ്രശ്നങ്ങളും നേരിട്ടുണ്ട്. പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് തന്നെന്ന് സ്വപ്‌ന പറയുന്നു.”
ഇന്റര്‍നെറ്റിലൂടെ പുസ്തകവില്പന
“ഓണ്‍ലൈനായുള്ള പുസ്തകവില്പനയ്ക്ക് ആളുകളില്‍നിന്നുണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മലയാള പുസ്തകങ്ങള്‍ കണികാണാന്‍പോലും കിട്ടാത്ത വിദേശമലയാളികള്‍ക്കാണ് പുസ്തകവില്പന കൂടുതല്‍ ഗുണം ചെയ്തത്. വായന മരിക്കുന്നുവെന്ന് പറയുന്നത് വെറുതെയാണെന്ന് അവരുടെ പ്രതികരണത്തിലൂടെ മനസ്സിലായി. നമ്മള്‍ കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളില്‍ നിന്നൊക്കെ ആളുകള്‍ വിളിക്കാറുണ്ടക്ക്. മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ കൊതിച്ചിട്ടുണ്ട്. ഇന്ദുലേഖയിലൂടെ അത് സാധിച്ചു എന്നൊക്കെ പലരും പറയാറുണ്ട്.
വിദേശ മലയാളികളുടെ ഏറ്റവും പുതിയ എഴുത്തുകാര്‍ ഇപ്പോഴും മാധവിക്കുട്ടിയും എം.ടിയുമൊക്കെയാണ്. പുതിയ തലമുറയിലെ എഴുത്തുകാരോടൊന്നും അവര്‍ വലിയ താല്പര്യം പ്രകടിപ്പിക്കാറില്ല.
വിദേശരാജ്യങ്ങളില്‍ ഗള്‍ഫിലും വടക്കേ അമേരിക്കയിലുമാണ് കൂടുതല്‍ സന്ദര്‍ശകരുള്ളത്. ലോകത്തിന്റെ നാനാഭാഗത്തുള്ള, ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ധാരാളം സുഹൃത്തുക്കളെ കിട്ടി. അതൊക്കെ സന്തോഷമുള്ള കാര്യമല്ലേ? സ്വപ്‌ന പറയുന്നു.
ഇന്ദുലേഖ ഒരു വെബ്‌സൈറ്റ് ചെയിനാണ്. പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന സൈറ്റ് കൂടാതെ സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങളും വാര്‍ത്തകളും ഉള്‍പ്പെടുത്തിയ മൂവിരാഗ, വീടുകളെക്കുറിച്ച് അറിയാന്‍ വാസ്‌തുലേഖ, ഫാഷന്‍െറ പുതിയ സ്‌പന്ദനങ്ങള്‍ തേടുന്ന ജി എന്നിവയും ഇന്ദുലേഖയിലുണ്ട്. സിനിമകാണുന്നതിനു മുമ്പു മൂവിരാഗയിലെ സിനിമാനിരൂപണം നോക്കാറുണ്ടെന്നു പലരും പറയാറുണ്ട്.
വീട്ടിലിരുന്ന് ഇന്ദുലേഖയ്‌ക്കുവേണ്ടി എഴുതുന്നവരുണ്ട്. അവര്‍ക്കതൊരു വരുമാനമാര്‍ഗവുമാണ്. സ്വപ്‌ന പറയുന്നു.

Its true.Indhlekha is doing extremely good .Movie reviews are apt for todays malaylam movies.I would like to suggest you to ass tamil,hindi movie review also for noted movies.I am a regular visitor .
All the best to Swapna.
Highly appreciated