HOME

ഇന്ദുലേഖയ്‌ക്ക് എം. ടി.യുടെ കൈയൊപ്പ്

Posted by
MT Signs Books for Indulekha.com

MT Signs Books for Indulekha.com

മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍ നായര്‍ കൈയൊപ്പിട്ട പുസ്തകങ്ങള്‍ ഇന്ദുലേഖ ഡോട്ട് കോമില്‍! എം. ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, രണ്ടാമൂഴം എന്നീ പുസ്തകങ്ങളുടെ കോപ്പികളാണ് ഇന്ദുലേഖയുടെ വായനക്കാര്‍ക്കു മാത്രമായി എം. ടി. ഒപ്പിട്ടു നല്‍കിയിരിക്കുന്നത്.

ഇന്ദുലേഖ ഡോട്ട് കോമിനോട് അദ്ദേഹം കാട്ടിയ ഈ സ്നേഹം ഞങ്ങളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. എം.ടി.ക്ക് നന്ദി.

ഈ ആശയം നടപ്പിലാക്കാന്‍ ഒപ്പം നിന്ന പെപ്പിന്‍ തോമസിനും നന്ദി. ഒപ്പിടാനുള്ള പുസ്തകങ്ങള്‍ തൃശൂര്‍ കറന്റ് ബുക്‍സില്‍ നിന്ന് കോഴിക്കോട്ട് എം ടിയുടെ വീട്ടിലേക്ക് അയച്ചതു മുതല്‍ ഒപ്പിട്ട പുസ്തകങ്ങള്‍ കോട്ടയത്ത് ഇന്ദുലേഖയുടെ ഓഫീസില്‍ എത്തുന്നതുവരെയുള്ള ഓരോ നിമിഷത്തിന്റെയും സംവിധായകന്‍ പെപ്പിന്‍ ചേട്ടനായിരുന്നു. (ജോസഫ് മുണ്ടശേരിയുടെ കൊച്ചുമകനാണ് പെപ്പിന്‍; കറന്റ് ബുക്സിന്റെ സ്ഥാപകനായ തോമസ് മുണ്ടശേരിയുടെ മകനും.)

രണ്ടു വര്‍ഷം മുന്‍പ് ഇന്ദുലേഖ ഡോട്ട് കോം ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ പേജുകളില്‍ ആദ്യമായി ഇടം നേടിയത് എം ടി വാസുദേവന്‍ നായരോടൊപ്പമായിരുന്നു. എം ടിയുടെ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനമാണ് ഇന്ദുലേഖയെ ആ ബഹുമതിക്ക് ഉടമയാക്കിയത്. ഒരു ഇന്ത്യന്‍എഴുത്തുകാരന്റെ പുസ്തകങ്ങള്‍ ഒന്നടങ്കം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ആദ്യസംഭവമായിരുന്നു എം ടി ഫെസ്റ്റ് എന്നു പേരിട്ട ഇന്ദുലേഖയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം. അങ്ങനെ ആ മഹാനായ എഴുത്തുകാരനും, പ്രദര്‍ശനം നടത്തിയ ഇന്ദുലേഖ ഡോട്ട് കോമും ഇന്ത്യന്‍ റെക്കോഡുകളുടെ ചരിത്രപുസ്തകത്തില്‍ ഇടം നേടി.

മറ്റൊരു എം ടി ഫെസ്റ്റിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇന്ദുലേഖ ഡോട്ട് കോം. ഇത്തവണ സംഭവം ഓണ്‍ലൈനല്ല; ഓഫ് ലൈനാണെന്നു മാത്രം. നവംബര്‍ 28-ന് കോട്ടയത്ത് ആരംഭിക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ എം ടിയുടെ എല്ലാ കൃതികളും കാണാനും വാങ്ങാനും സൌകര്യമൊരുക്കുകയാണ് നമ്മള്‍. എം ടി കൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും സ്നേഹപൂര്‍വം എം.ടി. എന്നു പേരിട്ടിരിക്കുന്ന ഈ മേളയിലുണ്ടാവും. ഡി സി ബുക്‌സ് മുതല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസും ഓറിയന്റ് ബ്ലാക്‍സ്വാനും വരെയുള്ള പ്രസാധകരുടെ എം ടി പുസ്തകങ്ങള്‍ ഇവിടെ മറിച്ചു നോക്കാം, സ്വന്തമാക്കാം. എം ടിയുടെ പ്രധാന കൃതികളുടെയെല്ലാം പ്രസാധകരായ കറന്റ് ബുക്‍സ് തൃശൂര്‍ ഈ അപൂര്‍വപ്രദര്‍ശനത്തിന്റെ കൊ-സ്പോണ്‍സേഴ്‌സായി ഞങ്ങള്‍ക്കൊപ്പമുണ്ട്.

കാല്‍ നൂറ്റാണ്ട് പിന്നിട്ട കോട്ടയം രാജ്യാന്തരപുസ്തക മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെട്രോസ്‌പെക്റ്റീവ് എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു എക്സ്ക്ലൂസീവ് ബുക്ക് ഷോ. കേരളത്തില്‍ മറ്റേതെങ്കിലും പുസ്തകമേളയിലും ഇങ്ങനെയൊരു എഴുത്തുകാരനെ ബഹുമാനിച്ചിട്ടില്ല. ഇന്ദുലേഖ ഡോട്ട് കോമിന് വീണ്ടുമൊരു റെക്കോഡ് എന്നു ചുരുക്കം; എം ടി ക്കും!

ഈ പ്രദര്‍ശനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം എം ടി കൈയൊപ്പിട്ട പുസ്തകങ്ങളായിരിക്കും. കോട്ടയം ബുക്ക്ഫെയര്‍ സന്ദര്‍ശിക്കുന്ന ഇന്ദുലേഖയുടെ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും സ്നേഹപൂര്‍വം എം.ടി. പ്രദര്‍ശനത്തിലേക്ക് സ്വാഗതം. 10% ഡിസ്‌കൌണ്ടോടു കൂടിയായിരിക്കും മേളയിലെ പുസ്തകവില്പന. വൈകാതെ, നമ്മുടെ ഓണ്‍ലൈന്‍ ഷോപ്പിലും എം ടി ഒപ്പിട്ട പുസ്തകങ്ങള്‍ വില്പനയ്ക്കെത്തും.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.