INDULEKHA.BiZ-ല്‍ ആര്‍ട്ട് ഗാലറി
Posted by Tom Mangatt
Online Art Gallery @ BiZ
നൂറില്‍ താഴെ ദിവസങ്ങള്‍ കൊണ്ട് മലയാളത്തിലെ # 1 ഓണ്‍ലൈന്‍ പുസ്തകശാലയായി മാറിയ INDULEKHA.BiZ-ല്‍ നമ്മള്‍ ചെറിയൊരു കൂട്ടിച്ചേര്‍ക്കല്‍ നടത്തി 2011 ജനുവരി ഒന്നിന്; ഒരു ആര്‍ട്ട് ഗാലറി. നല്ല ചിത്രങ്ങള്‍ കാണാനും അവ സ്വന്തമാക്കാനുമുള്ള അവസരം ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളീയരായ ചിത്രകാരന്മാര്‍ക്കും ചിത്രകാരികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവും തീര്‍ച്ചയായും ഉണ്ട്.
മലയാളികളായ രണ്ടു ചിത്രമെഴുത്തുകാരാണ് ആദ്യം നമ്മുടെ ഗാലറിയില്‍ എത്തിയിരിക്കുന്നത്; കോതമംഗലത്തു നിന്ന് കംപോഡിയ വഴി ന്യൂഡല്‍ഹിയിലെത്തി നില്‍ക്കുന്ന ബിനി റോയിയും ഏറണാകുളത്തു നിന്ന് എസ് പി സി എസും പുസ്തകപ്രസാധനവും വഴി ചിത്രകലയില്‍ എത്തി നില്‍ക്കുന്ന മോപ്പസാങ് വാലത്തും. ബിനിയുടെ Three Widows 2003-ല്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. ചിത്രകാരിയെന്ന നിലയില്‍ രാജ്യാന്തരപ്രശസ്‌തിയുള്ള ബിനി റോയിയുടെ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള പല സ്വകാര്യ / കോര്‍പറേറ്റ് ശേഖരങ്ങളിലും കാണാം.
കേരളീയദൃശ്യങ്ങളുടെ വാട്ടര്‍ കളറുകളിലൂടെയാണ് മോപ്പസാങ് പ്രശസ്‌തനായത്. കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാട് വീടുകളുടെ ചുവരുകളില്‍ അദ്ദേഹത്തിന്റെ സുന്ദരദൃശ്യങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. (ഞങ്ങളുടെ വീട്ടിലുമുണ്ട് അദ്ദേഹത്തിന്റെ പെയിന്റിങ്: ഇരുണ്ട പശ്ചാത്തലത്തില്‍ വരച്ച അതിമനോഹരമായ ഒരു Last Supper; oil on canvas.)
കൂടുതല്‍ ചിത്രമെഴുത്തുകാരെ ഈ ഗാലറിയിലേക്ക് എത്തിക്കാന്‍ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇന്ദുലേഖയുടെ സുഹൃത്തുക്കളേയും വായനക്കാരേയും ആര്‍ട്ട് ഗാലറിയിലേക്ക് സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
