movieraga.com ചിത്രഭൂമിയില്‍
Posted by Tom Mangatt
NOICE by Premchand, Chitrabhumi 2011 March 3
നമ്മുടെ മൂവിരാഗയ്‌ക്ക് അപ്രതീക്ഷിതമായ ഒരു സ്പെഷ്യല്‍ മെന്‍ഷന്‍! മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രപ്രസിദ്ധീകരണമായ ചിത്രഭൂമിയിലെ NOICE എന്ന പിന്‍പേജ് കോളത്തില്‍ മൂവിരാഗയും ജി. കൃഷ്‌ണമൂര്‍ത്തിയും വളരെ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്‌തവും ശക്തവുമായ നിലപാടുകളുടെ പേരില്‍ പ്രശസ്‌തമായ ഈ കോളം എഴുതുന്നത് ചിത്രഭൂമിയുടെ അസിസ്റ്റന്റ് എഡിറ്റര്‍ പ്രേംചന്ദ് ആണ്. പ്രേംചന്ദിനും ചിത്രഭൂമിക്കും നന്ദി. കോളം പൂര്‍ണരൂപത്തില്‍ താഴെ.
ഈ സന്ദേശങ്ങളുടെ വായ് ആരു മൂടിക്കെട്ടും?
സിനിമയുടെ ജയപരാജയങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിര്‍ണായകപങ്ക് വഹിച്ചുതുടങ്ങിയ വിവരം സിനിമക്കാര്‍ അറിഞ്ഞുകാണുമോ?
ഓരോ പുതിയ സിനിമയ്‌ക്കും, ആദ്യദിവസത്തെ ഓരോ ഷോയുടെയും ഇടവേള ഇന്ന് വിധിനിര്‍ണായകമായ ഇടവേളകള്‍ കൂടിയാണ്. ആ ഇടവേളകളില്‍ ഇന്ന് ഏതു തിയറ്ററിലും കാണാവുന്ന ഒരു പതിവുദൃശ്യമാണ് മിന്നാമിന്നിക്കൂട്ടങ്ങളുടെ നീണ്ട നിരകള്‍ പോലെ മൊബൈല്‍ ഫോണുകള്‍ കര്‍മനിരതമാകുന്നതിന്റെ പ്രകാശവിന്യാസം. രാത്രിപ്രദര്‍ശനങ്ങളുടെ ഇടവേളകളില്‍ ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍ ഇതൊരു സുന്ദരദൃശ്യം തന്നെയാണ്. ഏറ്റവും മുന്നിലെ നിര വരെ കത്തിക്കൊണ്ടിരിക്കുന്ന മൊബൈല്‍വെളിച്ചത്തില്‍ പണിയെടുക്കുന്നവരുടെ ചിത്രം നമുക്കു കാണാം. കണ്ടുകൊണ്ടിരിക്കുന്ന സിനിമയുടെ ഭാവിയെ നിര്‍ണയിക്കുന്ന സുപ്രധാനസന്ദേശങ്ങളാണ് ഈ മൊബൈല്‍ ഫോണിലൂടെ മിക്കവാറും പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് റിപ്പോര്‍ട്ട് അറിയാന്‍ പുറത്ത് ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവരെ തേടി പറക്കുകയാണ് ഈ സന്ദേശങ്ങള്‍.
MMMM… KALAKKI… POKKA… ATHRA PORA… എന്നിങ്ങനെ കൊച്ചുകൊച്ചു സന്ദേശങ്ങളില്‍ പുതിയ കാലത്തിന്റെ ചലച്ചിത്രവിമര്‍ശനം അതിന്റെ വായനക്കാരെ അന്വേഷിച്ച് പോകുന്നു. മൌത്ത് പബ്ലിസിറ്റിയുടെ പുതിയ പടിയാണ് സിനിമ കണ്ട് പുറത്തു വരും മുന്‍പ് പുറത്തിറങ്ങുന്ന ഈ സന്ദേശങ്ങള്‍. ഇന്റര്‍നെറ്റില്‍ കൈയെത്തുന്നവരാകട്ടെ, ഫേസ്‌ബുക്കിലും ഓര്‍ക്കുട്ടിലും ബ്ലോഗുകളിലും ഇ-മെയില്‍ ബസുകളിലുമൊക്കെ കയറി സിനിമ പുറത്തിറങ്ങിയ രാത്രിയില്‍ത്തന്നെ പണി തുടങ്ങുന്നു. ഭിന്നസ്വരങ്ങള്‍ കൊണ്ട് ഏതു സിനിമയേയും കൈകാര്യം ചെയ്യാന്‍ കെല്പുള്ളവരുടെ തലമുറ നെറ്റിലിപ്പോള്‍ സജീവമാണ്. ലോകസിനിമ കാണുന്ന തലമുറയാണിത്. അതുകൊണ്ടു തന്നെ, ഇവരാദ്യം പുറത്തറിയിക്കുന്നത് സിനിമയിലെ എലികളുടെ ചുരണ്ടല്‍ വിദ്യകളാണ്. തൊട്ടുപിന്നാലെ, മലയാളിഭാവനകളുടെ പിന്നോക്കാവസ്ഥകളും.
സാമ്പ്രദായിക മാധ്യമങ്ങളുടെ മൌനങ്ങളും പരിമിതികളും വിക്കി ലീക്‍സിനു ജന്മം നല്‍കുന്നതുപോലെ, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സിനിമയുടെ സോഷ്യല്‍ ഓഡിറ്റിങ് ഇന്റര്‍നെറ്റില്‍ സാധ്യമാക്കുന്നു. മൂടിവയ്‌ക്കുന്നവ വിക്കി ലീക്‍സ് പുറത്തറിയിക്കുന്നു. എത്ര ആഘോഷമായി പുറത്തുവന്ന സിനിമയായാലും ശരി, അവയുടെ ഗുണനിലവാരമില്ലായ്‌മയെ പൊളിച്ചടുക്കാന്‍ സി എന്‍ എന്‍/ ഐ ബി എന്നിലെ രാജീവ് മസന്ദിന്റെ പരിഹാസത്തിനു കഴിയുന്നു എന്നതിന്റെ തെളിവാണ് ആ സിനിമകള്‍ കേരളത്തില്‍ എത്തുമ്പോള്‍ കാണികള്‍ അപ്രത്യക്ഷരാകുന്നത്. അതുപോലെ ചലച്ചിത്രനിരീക്ഷകര്‍ ശ്രദ്ധിക്കുന്നതാണ് ഇന്ദുലേഖ ഡോട്ട് കോമിലെ മൂവിരാഗയില്‍ എഴുതുന്ന ജി. കൃഷ്‌ണമൂര്‍ത്തിയുടെ വാക്കുകള്‍. വിയോജനക്കുറിപ്പുകള്‍ക്ക് തുടര്‍ചര്‍ച്ചകളില്‍ ഇടം നല്‍കുകയെന്ന ജനാധിപത്യമര്യാദയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കാത്തുസൂക്ഷിക്കുന്നു.
മൌത്ത് പബ്ലിസിറ്റിയുടെ ഉറവിടം ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കൂടി പങ്കിട്ടെടുക്കുകയാണ്. അവയുടെ അഭിപ്രായപ്രസാരണശേഷിക്ക് വേഗം കൂടുതലാണ്. ഗുണനിലവാരമില്ലാത്ത സിനിമകളുടെ ഭാവിജീവിതത്തെ അതു സ്വാധീനിച്ചു തുടങ്ങിയെന്നതിന്റെ തെളിവാണ് വലിയ പബ്ലിസിറ്റിയുമായി വരുന്ന സിനിമകള്‍ പെട്ടെന്നു തന്നെ ബോക്സ് ഓഫീസില്‍ മൂക്കു കുത്തി വീഴുന്നത്. തട്ടിക്കൂട്ടുകളും ചുരണ്ടലുകളും അവസാനിപ്പിക്കുകയും നല്ല സിനിമകള്‍ എടുക്കുകയും മാത്രമാണ് ഇതിനു പരിഹാരം. അല്ലാതെ, വിക്കി ലീക്സിന്റെ കാലത്ത് എസ് എം എസുകളുടെ വായ് മൂടിക്കെട്ടാന്‍ ആര്‍ക്കു കഴിയും?
(Chithrabhumi, 2011 March 3)

അങ്ങനെ നമ്മുടെ മൂവിരാഗ സൈബര്‍ലോകത്തിനു പുറത്തും പ്രശസ്‌തമായിരിക്കുന്നു.. ജി. കൃഷ്‌ണമൂര്‍ത്തിയുടെയും മൂവിരാഗയില്‍ സൂപ്പര്‍ കമന്റുകള്‍ തകര്‍ക്കുന്നവരുടെയും (my favourites: മത്തായിച്ചന്‍, മാത്തുക്കുട്ടി, drdeeps, Babu Alex, leena, muttalan, joemon) വിജയം. സന്തോഷം.. അഭിനന്ദനങ്ങള്‍!
(എന്തൊക്കെ പറഞ്ഞാലും ഈ കൃഷ്‌ണമൂര്‍ത്തി ഒരു സംഭവം തന്നെ!)
When news papers, film weekilies and satellite channels do not have the courage to review the films, some body has to do this. There is no CINIC, KOZHIKODAN or MANGALASSERI in current print media. For channels, all films are superb and they have already made awards also a mockery. So the film lovers has to find there own way… and finally it happened in Malayalam also.
time for the movie industry to take social media seriously. our superstar has no idea how to use twitter ;)
I think Mammotty is comparatively ok, he is lil active on facebook.
so, now, we audience are kings!
Loved Premchand’s article on the democratic audience and Movieraga.. Good going! :-)
(by sms)
സന്തോഷം.അഭിനന്ദനങ്ങള്‍ !!! എല്ലാ ഭാവുകങ്ങളും.