HOME

ഇന്ദുലേഖയ്‌ക്ക് ജയശ്രീ മിശ്രയുടെ കൈയൊപ്പ്

Posted by
Jaishree Misra

Jaishree Misra

ഇന്ദുലേഖയുടെ Signature Series-ലേക്ക് പ്രശസ്‌ത ഇൻഡോ-ആംഗ്ലിയൻ എഴുത്തുകാരി ജയശ്രീ മിശ്രയുടെ പുസ്തകങ്ങളും കൂട്ടിച്ചേർക്കപ്പെടുകയാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള രണ്ടു പുസ്‌തകങ്ങളാണ് ജയശ്രീ മിശ്ര നമുക്കു വേണ്ടി ഓട്ടോഗ്രാഫ് ചെയ്‌തത്: ആത്മകഥാപരം എന്നു വിശേഷിപ്പിക്കാവുന്ന ആദ്യനോവൽ ജന്മാന്തരവാഗ്ദാനങ്ങൾ, ത്സാൻസിറാണിയുടെ കഥ പറയുന്ന റാണി എന്നിവ. പ്രിയ എ എസാണ് ജന്മാന്തരവാഗ്ദാനങ്ങളുടെ പരിഭാഷക; റാണി മലയാളത്തിലാക്കിയത് സുനീത ബി.യും. ഇന്ദുലേഖയുടെ വായനക്കാരെ ആശംസകൾ അറിയിക്കണമെന്ന് ജയശ്രീ പ്രത്യേകം പറഞ്ഞു. (പിന്നെ, എനിക്കൊരു ഗുഡ് ലക്കും!)

മലയാളസാഹിത്യത്തിന്റെ എക്കാലത്തെയും അഭിമാനങ്ങളിലൊന്നായ തകഴി ശിവശങ്കരപ്പിള്ളയുടെ മരുമകളാണ് ജയശ്രീ. പതിമൂന്നാം വയസിൽ ഡെക്കാൺ ഹെറാൾഡിലെഴുതിയ കഥയ്‌ക്ക് ലഭിച്ച തകഴിയമ്മാവന്റെ പ്രശംസയേക്കുറിച്ച് അവർ ഓർത്തു. അവാർഡുകളും സ്വീകരണങ്ങളുമൊക്കെ ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തുന്ന തകഴി, ജയശ്രീയുടെ വീട്ടിലെത്തും. ഒരു താരപ്രഭയിൽ സ്വീകരണമുറിയിൽ കാലുയർത്തി വച്ച് ഇരിക്കുന്ന അദ്ദേഹത്തിനു ചുറ്റും ഒ വി വിജയനെപ്പോലുള്ളവർ ഒത്തുകൂടുമായിരുന്നു. എഴുത്തിന് ഉയർന്ന മൂല്യമുണ്ടെന്ന തോന്നലുണ്ടാക്കിയത് തകഴിക്ക് ലഭിച്ചിരുന്ന ഈ ആദരവും സ്നേഹവുമായിരുന്നു എന്ന് കൊച്ചുകുട്ടികളുടെ മുഖത്തു കാണാറുള്ള നിഷ്‌കളങ്കമായ ലജ്ജയോടെ ജയശ്രീ പറഞ്ഞു.

A Scandalous Secret എന്ന പുതിയ പുസ്‌തകത്തിന്റെ പ്രകാശത്തിനായി കോട്ടയത്തു വന്നപ്പോഴാണ് ജയശ്രീ മിശ്ര അല്പസമയം ഇന്ദുലേഖയുടെ വായനക്കാർക്കു വേണ്ടി മാറ്റി വച്ചത്. ഡി സി ബുക്‌സിന്റെ പുതിയ ഷോറൂമിലായിരുന്നു കൂടിക്കാഴ്‌ച. ഷോ റൂം സീനിയർ മാനേജർ ജേക്കബ് ടി സിയും ഷെറിനും ചേർന്ന് ജയശ്രീയുടെ പുസ്‌തകങ്ങൾ നേരത്തെ തന്നെ ഒരുക്കി വച്ചിരുന്നു. ഡി സി ബുക്‌സിന്റെ സി. ഇ. ഒ.യും ഇന്ദുലേഖയുടെ അഭ്യുദയകാംക്ഷിയുമായ രവി ഡീ സീ തൽക്കാലത്തേക്ക് ഫോട്ടോഗ്രാഫറുടെ വേഷമിട്ടു. (രവിച്ചേട്ടന് നന്ദി!)

Jaishree Misra, Tom Managtt

Jaishree Misra, Tom Managtt. Photo: Ravi Dee Cee

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.