INDULEKHA BiZ-ന് ഒരു വയസ്!
Posted by Tom Mangatt
മറ്റൊരു ചിങ്ങമാസം കൂടി പിറക്കുമ്പോൾ ഒന്നു തിരിഞ്ഞുനോക്കാമെന്ന് കരുതുകയാണ്. കാരണം, കഴിഞ്ഞ ചിങ്ങം ഒന്നിനായിരുന്നു (1186 ചിങ്ങം 1 / 2010 ഓഗസ്റ്റ് 17) INDULEKHA BiZ-ന്റെ ആരംഭം. മലയാളത്തിലെ മികച്ച പുസ്‌തകങ്ങളെല്ലാം ഒന്നിച്ച് ഒരു സ്ഥലത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ദുലേഖ ബിസിന് തുടക്കമിടുമ്പോൾ കേരളത്തിലെ ഏറ്റവും പുതിയ ഓൺലൈൻ പുസ്‌തകശാല എന്ന വിശേഷണം മാത്രമായിരുന്നു നമുക്ക് അവകാശപ്പെടാൻ ഉണ്ടായിരുന്നത്. പ്രസാധകരുടേതടക്കം ചെറുതും വലുതുമായ നാലോ അഞ്ചോ ഓൺലൈൻ ബുക്‌സ്റ്റോറുകൾ അപ്പോൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഓരോന്നിന്റെയും കുറവുകളും പ്രശ്‌നങ്ങളും സാധ്യതകളും വിശദമായി പഠിക്കുകയും അവയ്‌ക്കുള്ള സാധ്യമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്‌ത ശേഷമാണ് ഓൺലൈൻ സ്റ്റോറുമായി ഇന്ദുലേഖ ഇന്റർനെറ്റിൽ എത്തുന്നത്. ഏകദേശം ഒരു വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിരുന്നു ഈ പുതിയ സംരംഭം.
ഒരു വർഷത്തിനിപ്പുറം, www.indulekha.biz കേരളത്തിലെ No. 1 ഓൺലൈൻ ബുക്‌സ്റ്റോറായി മാറിക്കഴിഞ്ഞിരിക്കുന്നു; വില്പനയിലും സേവനമികവിലും സംശയാതീതമായി നമ്മൾ ഒന്നാമതു തന്നെ. തുടക്കത്തിൽ ഇരുപതിൽ താഴെ പ്രസാധകരാണ് നമുക്കൊപ്പം ഉണ്ടായിരുന്നത്. ഇന്നത് നാല്പതിലധികമായി. കൂടുതൽ പ്രസാധകർ ഇപ്പോഴും കൂട്ടിച്ചേർക്കപ്പെടുന്നു. മലയാളപുസ്‌തകവിപണിയിൽ ലഭ്യമായ പ്രധാനപ്പെട്ട പുസ്‌തകങ്ങളെല്ലാം ഇപ്പോൾ ഇന്ദുലേഖ ബിസിലുണ്ട്. കിട്ടാനില്ലാത്ത ചില നല്ല അപൂർവപുസ്‌തകങ്ങൾ, പ്രസാധകരുടെയും വിതരണക്കാരുടെയും ഗോഡൗണുകൾ വരെ തിരഞ്ഞ് വായനക്കാർക്കു മുന്നിൽ എത്തിക്കാൻ നമുക്ക് കഴിഞ്ഞു. മലയാളത്തിലെ ഏതു പുസ്‌തകവും തിരഞ്ഞുപിടിക്കാനും ഒരു കോപ്പിയെങ്കിലും ഉണ്ടെങ്കിൽ അതു സ്റ്റോറിൽ ലഭ്യമാക്കാനും കഴിയുന്ന ഈ സംവിധാനമാണ് ഇന്ദുലേഖയുടെ യൂണിക് സെല്ലിങ് പോയിന്റുകളിൽ പ്രധാനപ്പെട്ടത്.
തിരിഞ്ഞു നോക്കുമ്പോൾ ഈശ്വരാനുഗ്രഹത്തിന്റെയും വളർച്ചയുടെയും നേട്ടങ്ങളുടെയും അഭിനന്ദനങ്ങളുടെയും ഉയരുന്ന ഗ്രാഫടയാളങ്ങൾ പിന്നിൽ കാണുന്നു; സന്തോഷം.. നന്ദി! അനേകർ ഇന്ദുലേഖ ബിസിന്റെ Testimonial പേജിലും ഫേസ്‌ബുക്ക് പേജിലും നല്ല വാക്കുകൾ പറഞ്ഞു. മെയിൽ അയച്ചവരും ഫോണിൽ വിളിച്ച് അഭിനന്ദനവും നന്ദിയും അറിയിച്ചവരും ഒരുപാട്.
അപൂർവമായി പരാതികളും ഉണ്ടാവാറുണ്ട്; അത് എല്ലാ സംരംഭങ്ങളുടെയും ഭാഗമാണ്. പക്ഷേ, ഏതു പരാതിയും പരിഹരിക്കാൻ ടീം ഇന്ദുലേഖ ഒറ്റക്കെട്ടായി നിൽക്കുമെന്നതാണ് നമ്മുടെ സവിശേഷത. കൃത്യമായ ഫോളോ-അപ്പുകളിലൂടെ ഓരോ വായനക്കാരനും/ വായനക്കാരിക്കും ഓർഡർ ചെയ്‌ത പുസ്‌തകങ്ങൾ സുരക്ഷിതമായി കിട്ടി എന്ന് അജിത്തും ഷെറിനും വിനായകനുമൊക്കെ ഉറപ്പുവരുത്തുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ടീം ഇന്ദുലേഖയ്‌ക്കുള്ള വൈദഗ്ദ്ധ്യത്തേക്കുറിച്ചും ടീമിന്റെ ആത്മാർഥമായ പരിശ്രമങ്ങളേക്കുറിച്ചും നല്ലതു പറയാതെ ഒരൊറ്റ പരാതിക്കാരനും/ പരാതിക്കാരിയും പോകരുത് എന്നതാണ് നമ്മുടെ കസ്റ്റമർ കെയർ പോളിസിയിലെ ആദ്യത്തെയും അവസാനത്തെയും ഇനം. ഇന്ദുലേഖ അതിന്റെ വായനക്കാരെയും ഉപയോക്താക്കളെയും അത്രയധികം ബഹുമാനിക്കുന്നു.
ഒന്നാം വാർഷികവും ഈദ്-ഉൽ-ഫിത്റും ഓണവും ഒന്നിച്ചു വരുന്ന ഈ ആഘോഷക്കാലത്തേക്കായി രണ്ടു ഡിസ്‌കൗണ്ട് കോഡുകൾ പുറത്തിറക്കിയിട്ടുണ്ട്. 1111 രൂപയ്‌ക്കോ അതിൽ കൂടുതൽ തുകയ്‌ക്കോ പുസ്‌തകങ്ങൾ വാങ്ങുമ്പോൾ 11% ഡിസ്കൗണ്ട് ലഭിക്കാൻ 11@1111 എന്ന കോഡും 666 രൂപയ്‌ക്കോ അതിൽ കൂടുതൽ തുകയ്‌ക്കോ പുസ്‌തകങ്ങൾ വാങ്ങുമ്പോൾ 6% ഡിസ്കൗണ്ട് ലഭിക്കാൻ 6@666 എന്ന കോഡും ഉപയോഗിക്കുക. ആദ്യത്തെ കോഡിന്റെ കാലാവധി 2011 ഓഗസ്റ്റ് 30 വരെയും രണ്ടാമത്തേതിന്റേത് 2011 സെപ്റ്റംബർ 10 വരെയുമാണ്. പുസ്‌തകങ്ങൾക്ക് മാത്രമാണ് ഈ ഓഫർ ബാധകമായിട്ടുള്ളത്.
ഇനിയും ദൂരം ഒരുപാടുണ്ട് മുന്നോട്ടു പോകാൻ. ഒരുപാട് കാര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താവുന്നവയുണ്ട്. ഒരുപാട് പുസ്തകങ്ങൾ ഇനിയും നമ്മുടെ വായനക്കാർക്കു മുന്നിൽ എത്താനുണ്ട്. അതിനൊക്കെ വേണ്ടിയുള്ള ആസൂത്രിതമായ പരിശ്രമങ്ങൾക്കുള്ളതാണ് രണ്ടാം വർഷം. അടുത്ത ചിങ്ങം ഒന്നിന് കൂടുതൽ മെച്ചപ്പെട്ട ഒരു ഇന്ദുലേഖ ബിസ് വായനക്കാർക്കു മുന്നിലുണ്ടാകുമെന്ന് ഉറപ്പു തരുന്നു. ഇന്ദുലേഖയ്‌ക്കൊപ്പം നിൽക്കുന്നതിന് ഒരിക്കൽക്കൂടി നന്ദി.

ALL Wishes! Indulekha!