2012-ലെ മലയാളി വായിച്ചത്
Posted by Tom Mangatt
Online Bookstore
വായനക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മലയാളപുസ്തകമേതാണ്? രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി പറയാവുന്ന ചോദ്യമാണിത്. ആ പുസ്തകം ആടുജീവിതമാണ്; ബെന്യാമിൻ എഴുതി തൃശൂരിലെ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നോവൽ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആ ചോദ്യത്തിന് ഈയൊരു ഉത്തരമേയുള്ളു താനും. ജീവിതം കഥയേക്കാൾ അയഥാർത്ഥമാണെന്ന് പലപ്പോഴും ഓർമിപ്പിക്കുന്ന ഈ പുസ്തകം എനിക്കും ഏറെ പ്രിയപ്പെട്ടതാണ്; അതിന്റെ സൗമ്യനായ എഴുത്തുകാരനും.
ടോപ് ടെൻ @ ഇന്ദുലേഖ
1. ആടുജീവിതം – ബെന്യാമിൻ – ഗ്രീൻ ബുക്സ്
2. രണ്ടാമൂഴം – എം ടി വാസുദേവൻ നായർ – കറന്റ് ബുക്സ് തൃശൂർ
3. ഖസാക്കിന്റെ ഇതിഹാസം – ഒ വി വിജയൻ – ഡി സി ബുക്സ്
4. നാലുകെട്ട് – എം ടി വാസുദേവൻ നായർ – കറന്റ് ബുക്സ് തൃശൂർ
5. പടച്ചോന്റെ തിരക്കഥകൾ – ശ്രീനിവാസൻ – ഒലിവ്
6. മഞ്ഞ് – എം ടി വാസുദേവൻ നായർ – കറന്റ് ബുക്സ് തൃശൂർ
7. മുകേഷ് കഥകൾ – മുകേഷ് – ഒലിവ്
8. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ – എം മുകുന്ദൻ – ഡി സി ബുക്സ്
9. ഒരു ദേശത്തിന്റെ കഥ – എസ് കെ പൊറ്റെക്കാട്ട് – ഡി സി ബുക്സ്
10. ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല – പി വി രവീന്ദ്രൻ – പെൻ ബുക്സ്
വർഷങ്ങൾക്കു മുൻപ് മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പുസ്തകശാലയ്ക്ക് ഇന്ദുലേഖ ഡോട്ട് കോം ഏറ്റവും ചെറിയ തുടക്കമിട്ട കാലത്താണ് ആടുജീവിതം പുറത്തുവരുന്നത്. അന്ന് ഞങ്ങളുടെ ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ ആടുജീവിതമുണ്ടായിരുന്നില്ല. ആദ്യമൊക്കെ വല്ലപ്പോഴുമൊരിക്കൽ മാത്രം വായനക്കാർ ആവശ്യപ്പെട്ടിരുന്ന ഈ മണൽക്കാട്ടിലെ കഥ മെല്ലെ മെല്ലെ ആദ്യനൂറിലും പിന്നെ ആദ്യപത്തിലും കടന്നു. ഒടുവിൽ, രണ്ടു വർഷം മുൻപ് ആടുജീവിതം ഒന്നാം സ്ഥാനത്തേക്ക് കയറി. പിന്നീടൊരിക്കലും മറ്റൊരു പുസ്തകത്തിനായും ഇടം മാറിക്കൊടുക്കാതിരുന്ന ഒരു സ്ഥാനക്കയറ്റം. ബെന്യാമിന്റെ രണ്ടു പുസ്തകങ്ങൾ കൂടി ആദ്യനൂറിലുണ്ട്: പുതിയ നോവലായ മഞ്ഞവെയിൽ മരണങ്ങളും (12) അക്കപ്പോരിന്റെ ഇരുപതു നസ്രാണിവർഷങ്ങളും (77).
2012-ൽ ഇന്ദുലേഖ ഡോട്ട് കോമിലൂടെ ഏറ്റവുമധികം വായനക്കാർ സ്വന്തമാക്കിയ 100 മലയാളപുസ്തകങ്ങളുടെ കണക്കെടുപ്പാണിത്. ഇന്ദുലേഖയിൽ നിന്ന് പുസ്തകം വാങ്ങുന്നതിൽ സിംഹഭാഗവും സാധാരണ വായനക്കാരാണ്. ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളും ക്യാംപസിൽ നിന്ന് നേരെ ജോലിസ്ഥലത്തേക്ക് ക്രാഷ് ലാൻഡ് ചെയ്യുന്ന ചെറുപ്പക്കാരും മുതൽ വായന വ്രതമാക്കിയ വീട്ടമ്മമാരും നല്ല കാലം മുഴുവൻ അന്യനാടുകളിൽ അദ്ധ്വാനിച്ച് ഒടുവിൽ വായനയുടെ വാനപ്രസ്ഥത്തിലേക്ക് ആനന്ദത്തോടെ നടന്നുകയറുന്ന പ്രവാസികളും വരെ ഉൾപ്പെടുന്ന മലയാളിജീവിതത്തിന്റെ ഒരു പരിച്ഛേദം. അതുകൊണ്ട് തികച്ചും ജനകീയവും എന്നാൽ, സ്വകാര്യമായ ഒരു തിരഞ്ഞെടുപ്പു പോലെ സുന്ദരവുമാണ് ഈ പട്ടിക.
പുതിയ പുസ്തകങ്ങൾ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും ഓർമകളിൽ പഴകിപ്പതിഞ്ഞതിനോടുള്ള നമ്മുടെ ഇഷ്ടം ഈ പട്ടികയിൽ പ്രകടമായിക്കാണാം. 2008-ൽ പുറത്തിറങ്ങിയ ആടുജീവിതം ഒന്നാമതു നിൽക്കുമ്പോഴും പിന്നാലെ വരുന്നത് 1984-ലെ രണ്ടാമൂഴവും 1969-ലെ ഖസാക്കിന്റെ ഇതിഹാസവുമൊക്കെയാണ്. 1889-ലെ ഇന്ദുലേഖയുമുണ്ട് ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ! അദ്ഭുതമൊന്നുമില്ല; അല്ലെങ്കിൽത്തന്നെ നമ്മൾ നൊസ്റ്റാൾജിയയുടെ ആൾക്കാരായാണല്ലോ അറിയപ്പെടാറുള്ളത്!
എം ടിയും വിജയനും
രണ്ടും നാലും ആറും സ്ഥാനങ്ങളിൽ മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ എം ടി വാസുദേവൻ നായരാണ്. അതിൽ സംഖ്യകളുടെ ഒരു കളിയും കാണാം: രണ്ടാം സ്ഥാനത്ത് രണ്ടാമൂഴവും നാലാം സ്ഥാനത്ത് നാലുകെട്ടും! ആറാം സ്ഥാനത്ത് മഞ്ഞ് നിൽക്കുന്നു. എം ടിയുടെ നാലു പുസ്തകങ്ങൾ കൂടി ആദ്യനൂറിലുണ്ട്: കാലം (21), വാരാണസി (35), അസുരവിത്ത് (60), വാനപ്രസ്ഥം (87). മൂന്നാം സ്ഥാനത്ത് ഒ വി വിജയനാണ്; ഖസാക്കിന്റെ ഇതിഹാസവുമായി. വിജയന്റെ മറ്റൊരു പുസ്തകം കൂടി ആദ്യനൂറിലുണ്ട്; ഗുരുസാഗരം (73).
ശ്രീനിവാസനും മുകേഷും
മലയാളത്തിലെ എഴുത്തുകാരേക്കുറിച്ച് പറയുമ്പോൾ വളരെ അദ്ഭുതത്തോടെ മാത്രം പറയാൻ തോന്നാറുള്ള രണ്ട് പേരുകളുണ്ട്: ശ്രീനിവാസനും മുകേഷും. ശ്രീനിവാസൻ തിരക്കഥാകൃത്താണെങ്കിലും എഴുത്തുകാരൻ എന്ന കള്ളിയിലല്ല സാധാരണ നമ്മൾ അദ്ദേഹത്തെ പെടുത്താറുള്ളത്. മുകേഷിനാണെങ്കിൽ അങ്ങനെയൊരു മേൽവിലാസം പോലും അവകാശപ്പെടാനില്ല. എന്നിട്ടും ശ്രീനിവാസന്റെയും മുകേഷിന്റെയും ഓർമക്കുറിപ്പുകൾ ഇന്ദുലേഖ ഡോട്ട് കോമിന്റെ ആദ്യപത്തിൽത്തന്നെയുണ്ട്: പടച്ചോന്റെ തിരക്കഥകളും (5) മുകേഷ് കഥകളും (7).
എം മുകുന്ദൻ
എട്ടാം സ്ഥാനത്ത് എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ ഉണ്ട്. മിക്കപ്പോഴും ആദ്യപത്തിൽ കാണാറുള്ള പുസ്തകമാണ് മുകുന്ദന്റെ ഏറ്റവും പ്രശസ്തമായ ഈ നോവൽ. അദ്ദേഹത്തിന്റെ രണ്ടു കൃതികൾ കൂടി കഴിഞ്ഞ വർഷത്തെ ആദ്യനൂറിലുണ്ട്: ഏറ്റവും പുതിയ നോവലായ ദൽഹി ഗാഥകളും (59) ദൈവത്തിന്റെ വികൃതികളും (70).
എസ് കെ പൊറ്റെക്കാട്ട്
മലയാളത്തിലെ എക്കാലത്തെയും വലിയ സഞ്ചാരസാഹിത്യകാരനായ എസ് കെ പൊറ്റെക്കാട്ടിന്റെ പ്രശസ്തനോവലാണ് ഒൻപതാമത്: ഒരു ദേശത്തിന്റെ കഥ. ആദ്യപതിപ്പ് പുറത്തിറങ്ങി നാലു പതിറ്റാണ്ടുകൾക്കു ശേഷവും ജ്ഞാനപീഠജേതാവിന്റെ നോവൽ ബെസ്റ്റ് സെല്ലറായി തുടരുന്നു. പൊട്ടെക്കാട്ടിന്റെ ഒരു തെരുവിന്റെ കഥ തൊണ്ണൂറാം സ്ഥാനത്തുമുണ്ട്.
ഇംഗ്ലീഷ് ഫോർമുല
ഒരുകാലത്ത് കേരളത്തെ ഇളക്കി മറിച്ച പുസ്തകമാണ് പി വി രവീന്ദ്രൻ രചിച്ച ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല. പെൻ ബുക്സ് 2002-ൽ പ്രസിദ്ധീകരിച്ച പതിനാറാം പതിപ്പാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഇന്ദുലേഖയുടെ തുടക്കം മുതൽ ബെസ്റ്റ് സെല്ലർ പട്ടികയിലുണ്ടായിരുന്ന ഈ ഇംഗ്ലീഷ് സംസാരസഹായി കഴിഞ്ഞ വർഷം ആദ്യപത്തിലേക്ക് കയറി.
പെൺമ
മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായ മാധവിക്കുട്ടിയാണ് ആദ്യനൂറിലെ ആദ്യ സ്ത്രീസാന്നിധ്യം. പതിമൂന്നാംസ്ഥാനത്ത് എന്റെ കഥ എന്ന മാധവിക്കുട്ടിയുടെ പ്രസിദ്ധമായ ആത്മകഥനമാണ്. മാധവിക്കുട്ടിയുടെ രണ്ടു പുസ്തകങ്ങൾ കൂടി ഈ പട്ടികയിലുണ്ട്: നീർമാതളം പൂത്ത കാലവും (15) മാധവിക്കുട്ടിയുടെ പ്രണയനോവലുകളും (62). പതിനാലാം സ്ഥാനത്തും ഒരു എഴുത്തുകാരിയുടെ പുസ്തകമാണ്: സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ. പ്രശസ്ത ജാപ്പനീസ് എഴുത്തുകാരിയായ തെത്സുകോ കുറോയാനഗിയും (ടോട്ടോ ചാൻ -24) സിസ്റ്റർ ജെസ്മിയും (ആമേൻ -32) കെ പി എ സി ലളിതയും (കഥ തുടരും -33) കെ ആർ ഇന്ദിരയും (സ്ത്രൈണകാമസൂത്രം – 58) ലളിതാംബിക അന്തർജനവും (അഗ്നിസാക്ഷി – 67) അരുന്ധതി റോയിയുമാണ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ – 86) മറ്റ് സ്ത്രീസാന്നിധ്യങ്ങൾ. പിന്നെ നന്ദിതയും.
ബോബി ജോസ് കട്ടികാടും ഖലീൽ ജിബ്രാനും
എഴുതിയ പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലർ പട്ടികയിലുള്ള ഒരേയൊരു എഴുത്തുകാരനേയുള്ളു: ബോബി ജോസ് കട്ടികാട് എന്ന കപ്പൂച്ചിൻ പുരോഹിതൻ. ഇദ്ദേഹത്തിന്റെ ആറു പുസ്തകങ്ങളും ആദ്യനൂറിലുണ്ട്: വാതിൽ (11), സഞ്ചാരിയുടെ ദൈവം (20), ഹൃദയവയൽ (22), നിലത്തെഴുത്ത് (25), കേളി (26) മൂന്നാംപക്കം (44). ഈ പുസ്തകങ്ങൾ പലപ്പോഴും ആദ്യപത്തിൽ വന്നിട്ടുള്ളവയാണ്. ബോബിയച്ചൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഖലീൽ ജിബ്രാന്റെ പ്രവാചകനും ആദ്യനൂറിലുണ്ട്; അൻപത്തിമൂന്നാം സ്ഥാനത്ത്. ഖലീൽ ജിബ്രാന്റെ മറ്റൊരു പുസ്തകം കൂടിയുണ്ട്: അസീസ് തരുവണ പരിഭാഷപ്പെടുത്തിയ അറുപത് ജിബ്രാൻ കഥകൾ (93).
പെരുമ്പടവം
ഇപ്പോൾ ആടുജീവിതം ആഘോഷിക്കപ്പെടുന്നതുപോലെ ഒരുകാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച ഒരു സങ്കീർത്തനം പോലെ ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്. കഴിഞ്ഞ വർഷം അൻപതാം പതിപ്പിലെത്തിയ പെരുമ്പടവം ശ്രീധരന്റെ ഈ നോവൽ ഇന്ദുലേഖയുടെ ആദ്യനൂറിൽ പതിനാറാം സ്ഥാനത്തുണ്ട്. ആദ്യപതിപ്പുമുതൽ പുതിയ പതിപ്പുവരെ ഈ പുസ്തകത്തിന്റെ പ്രസാധകനും ഒരാൾ തന്നെ; സങ്കീർത്തനം പബ്ലിക്കേഷൻസിന്റെ ആശ്രാമം ഭാസി.
മലയാറ്റൂർ
പതിനെട്ടാം സ്ഥാനത്താണ് മലയാറ്റൂർ രാമകൃഷ്ണന്റെ പട്ടികപ്രവേശം, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വേരുകളുമായി. കഴിഞ്ഞ വർഷത്തെ ആദ്യനൂറിൽ മലയാറ്റൂരിന്റെ മൂന്ന് പുസ്തകങ്ങൾ കൂടിയുണ്ട്: യക്ഷി (42), യന്ത്രം (57), ബ്രിഗേഡിയർ കഥകൾ (79).
ആൽക്കെമിസ്റ്റും അതിഥികളും
ബെസ്റ്റ് സെല്ലർ പട്ടികയിലെ മലയാളിയല്ലാത്ത ആദ്യഎഴുത്തുകാരൻ പല മലയാളസാഹിത്യകാരന്മാരേക്കാളും മലയാളികൾക്ക് പരിചിതനായ പൗലോ കൊയ്ലോയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവൽ ആൽക്കെമിസ്റ്റ് പത്തൊൻപതാമതായി കാണാം. കൊയ്ലോയുടെ മറ്റു പുസ്തകങ്ങളൊന്നും ആദ്യനൂറിൽ ഇല്ലതാനും. ആർതർ കൊനാൻ ഡോയലിന്റെ ഷെർലക് ഹോംസ് സമ്പൂർണകൃതികൾ (46), റഷ്യയിൽ നിന്നെത്തി കുട്ടികളുടെ മനം കവർന്ന ചുക്കും ഗെക്കും (54), സ്റ്റീഫൻ ഹോക്കിങ്ങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിന്റെ മലയാളപരിഭാഷയായ കാലത്തിന്റെ ഒരു സംക്ഷിപ്തചരിത്രം (69), സ്വാമി രാമയുടെ ആത്മകഥയായ ഹിമാലയത്തിലെ ഗുരുക്കന്മാർക്കൊപ്പം (83), എ പി ജെ അബ്ദുൾ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകൾ (91), എം അച്യുതൻ പരിഭാഷപ്പെടുത്തിയ ആയിരത്തൊന്ന് രാവുകൾ (94), ഹിറ്റ്ലറുടെ ആത്മകഥ (97) തുടങ്ങിയ മറ്റു ഭാഷകളിൽ നിന്നു വന്ന അതിഥികളും ആദ്യനൂറിലുണ്ട്.
മലയാളത്തിന്റെ ക്ലാസിക്കുകൾ
മലയാളസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായിക്കഴിഞ്ഞ ഐതിഹ്യമാലയും കൊട്ടാരത്തിൽ ശങ്കുണ്ണിയും ഇരുപതാം സ്ഥാനത്തു നിൽക്കുന്നു. ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പതിപ്പും ആദ്യനൂറിലുണ്ട്. ശ്രീകുമാരി രാമചന്ദ്രൻ പരിഭാഷപ്പെടുത്തി മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇന്ദുലേഖയുടെ ആദ്യനൂറിലുള്ള ഒരേയൊരു ഇംഗ്ലീഷ് കൃതിയാണ്. സഞ്ജയന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരമായ സഞ്ജയൻ കഥകൾ ഇരുപത്തിയേഴാമതുണ്ട്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്നു പരക്കെ ആരാധിക്കപ്പെടുന്ന ഒ ചന്തുമേനോന്റെ ഇന്ദുലേഖ (36) കഴിഞ്ഞ വർഷവും ഇന്ദുലേഖ ഡോട്ട് കോമിന്റെ ആദ്യനൂറിലുണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും വായിക്കപ്പെടുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ ഈ പുസ്തകത്തിന് വിവിധ പ്രസാധകരുടെ വകയായി ഇതിനോടകം എത്ര പതിപ്പുകളായെന്ന് ദൈവത്തിനേ അറിയൂ!
മമ്മൂട്ടിയും ലാലും സിനിമയും
നേരത്തെ നമ്മൾ കണ്ട ശ്രീനിവാസനും മുകേഷും കെ പി എ സി ലളിതക്കും പുറമേ മറ്റു സിനിമക്കാരും 2012-ലെ വായനക്കാർക്ക് പ്രിയങ്കരരായി പുസ്തകപ്പട്ടികയിൽ എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ കാഴ്ചപ്പാട് 28-ലാണ്. അടുത്ത കാലം വരെ ഈ പുസ്തകത്തിന്റെ മമ്മൂട്ടി കൈയൊപ്പിട്ട കോപ്പികൾ ഇന്ദുലേഖയിൽ ഉണ്ടായിരുന്നു. ഇന്നസെന്റിന്റെ രണ്ടു പുസ്തകങ്ങളാണ് അഭിമാനപൂർവം ഈ പട്ടികയിലുള്ളത്: ഞാൻ ഇന്നസെന്റും (30) ചിരിക്കു പിന്നിലും (72). മറ്റൊരു സിനിമക്കാരനും അവകാശപ്പെടാനാവാത്ത റെക്കോഡ്. താഹ മാടായി എഴുതിയ സത്യൻ അന്തിക്കാടിന്റെ ഗ്രാമീണരും (31) സത്യൻ അന്തിക്കാട് എഴുതിയ ഓർമകളുടെ കുടമാറ്റവും (37) ജോൺ പോൾ ഭരതനേക്കുറിച്ചെഴുതിയ ഒരു കടങ്കഥ പോലെ ഭരതനും (49) ലോഹിതദാസിന്റെ കാഴ്ചവട്ടവും (80) മുൻവർഷങ്ങളിലെന്നപോലെ 2012-ലും വായനക്കാർക്കു പ്രിയപ്പെട്ടവയായി തുടർന്നു. എ ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേർന്നെഴുതിയ ചലച്ചിത്രപഠനഗ്രന്ഥം മോഹൻലാൽ- ഒരു മലയാളിയുടെ ജീവിതമാണ് (38) ആദ്യനൂറിലെ മറ്റൊരു സിനിമാപുസ്തകം.
വൈക്കം മുഹമ്മദ് ബഷീർ
എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി 39-ൽ കാണാം. 51-ൽ ബഷീറിന്റെ സമ്പൂർണകൃതികളുമുണ്ട്. മലയാളത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സമ്പൂർണകൃതികൾ ബഷീറിന്റേതാണ്. ബഷീർ എഴുതിയതെല്ലാം മനോഹരമായ ഒരു വലിയ പുസ്തകത്തിന്റെ പല ഭാഗങ്ങളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനു സാക്ഷ്യമാകുന്നു ഈ പുസ്തകത്തോട് വായനക്കാർക്കുള്ള ഇഷ്ടം.
ഒരേയൊരു നന്ദിത
ഇന്ദുലേഖ ഡോട്ട് കോമിന്റെ ആദ്യനൂറിലുള്ളത് ഒരേയൊരു കവിതാസമാഹാരം. അതെഴുതിയത് കവിത എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കയറിവരുന്ന മുഖങ്ങളുടെയൊന്നും ഉടമകളല്ല എന്നത് എനിക്ക് പലപ്പോഴും അദ്ഭുതകരമായിത്തോന്നിയിട്ടുണ്ട്. നമുക്കറിയാത്ത കാരണങ്ങളാൽ മുപ്പതാംവയസ്സിൽ എഴുത്തും ജീവിതവും ഉപേക്ഷിച്ചുപോയ ഒരു പാവം പെൺകുട്ടിയാണ് ആ എഴുത്തുകാരി: നന്ദിത കെ എസ്. ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നന്ദിതയുടെ കവിതകൾ നാല്പത്തൊന്നാം സ്ഥാനത്താണ്.
ടാർസൻ
എഡ്ഗർ റൈസ് ബറൊസിന്റെ ടാർസൻപുസ്തകങ്ങൾ നാലെണ്ണം ആദ്യനൂറിലുണ്ട്: ടാർസൻ (43), ടാർസൻ തിരിച്ചുവരുന്നു (71), ടാർസനും കൂട്ടരും (75), ടാർസന്റെ പുത്രൻ (82).
പത്മരാജൻ
പി പത്മരാജന്റെ മൂന്ന് പുസ്തകങ്ങളാണ് ഈ പട്ടികയിലുള്ളത്: പത്മരാജന്റെ കഥകൾ സമ്പൂർണവും (48) ഉദകപ്പോളയും (63) മഞ്ഞുകാലം നോറ്റ കുതിരയും (76).
ഹിമാലയവും മഴക്കാലവും
രാജൻ കാക്കനാടന്റെ ഹിമവാന്റെ മുകൾത്തട്ടിലാണ് (50) ഏറ്റവും പ്രശസ്തമായ ഹിമാലയയാത്രാവിവരണം. എം കെ രാമചന്ദ്രന്റെ മൂന്ന് പുസ്തകങ്ങൾ ആദ്യനൂറിലുണ്ട്: ആദികൈലാസയാത്ര (65), തപോഭൂമി ഉത്തർഖണ്ഡ് (98), ഉത്തർഖണ്ഡിലൂടെ (100). 2012 ഡിസംബറിലിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ദേവഭൂമിയിലൂടെ ആദ്യനൂറിൽ കടന്നിട്ടില്ലെങ്കിലും വൻതോതിൽ വായനക്കാരെ ആകർഷിക്കുന്നുണ്ട്. 2013-ലെ ഇന്ദുലേഖ റിപ്പോർട്ടിൽ ആ പുസ്തകത്തിന്റെ പേര് കാണുമെന്ന് തീർച്ച. എം പി വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ (77) എന്ന വയലാർ അവാർഡ് നേടിയ യാത്രാവിവരണവും ബെസ്റ്റ് സെല്ലറാണ്. അക്ഷരമറിയാവുന്നവരൊക്കെ ഹിമാലയയാത്രാവിവരണങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണെങ്കിലും ഈ പുസ്തകങ്ങളുടെ ജനപ്രീതിയുടെ അടുത്തെങ്ങുമെത്താൻ മറ്റുള്ളവയ്ക്ക് കഴിഞ്ഞിട്ടില്ല. ഞാൻ എഡിറ്റ് ചെയ്ത മഴയെഴുത്തുകളുടെ സമാഹാരമായ മഴക്കാലവും വായനക്കാർക്ക് പ്രിയപ്പെട്ട പുസ്തകം തന്നെ. അഞ്ചാം പതിപ്പിലെത്തിയ മഴക്കാലത്തിന്റെ സ്ഥാനം 66.
കൂടുതൽ നോവലുകൾ
നോവലുകളോട് നമുക്ക് ഒരു പ്രത്യേക മമതയുണ്ട്. ആദ്യപത്തിലെ ഏഴും നോവലുകൾ തന്നെ. സി രാധാകൃഷ്ണന്റെ രണ്ട് നോവലുകൾ ആദ്യനൂറിലുണ്ട്: നിഴൽപ്പാടുകളും (88) മുൻപേ പറക്കുന്ന പക്ഷികളും (99). പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ (17), സേതുവിന്റെ പാണ്ഡവപുരം (40), ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര (47), സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം (55) ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് (56), ടി പി രാജീവന്റെ പാലേരിമാണിക്യം (64), കാക്കനാടന്റെ ഒറോത (81), ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും (95) എന്നിവയാണ് ആദ്യനൂറിലെ മറ്റ് നോവലുകൾ.
കൂടുതൽ കഥകൾ
ബഷീറും പത്മരാജനുമൊക്കെയുണ്ടെങ്കിലും കഥകൾ പൊതുവേ കുറവാണ് ഈ പട്ടികയിൽ. രതിയുടെ മന്ദാരങ്ങൾ (84), വി കെ എന്നിന്റെ അതിപ്രശസ്തമായ പയ്യൻ കഥകൾ (85), അക്ബർ കക്കട്ടിലിന്റെ അധ്യാപക കഥകൾ (92) എന്നിവ ഇക്കൂട്ടത്തിൽ കാണാം.
മാസ്റ്റർപീസുകൾ
കുട്ടികൃഷ്ണമാരാരുടെ മാസ്റ്റർപീസ് ഭാരതപര്യടനം (29), സുകുമാർ അഴീക്കോടിന്റെ മാസ്റ്റർപീസ് തത്വമസി (34) ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പല കവിതകളേക്കാളും എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളായ ചിദംബരസ്മരണ (45) എന്നിവയും 2012-ൽ മലയാളികൾ കാര്യമായി വായിച്ചു.
ആദ്യനൂറിലെ പ്രസാധകരും പുസ്തകങ്ങളും
1. ഡി സി ബുക്സ് – 43
2. കറന്റ് ബുക്സ് തൃശൂർ – 12
3. മാതൃഭൂമി – 10
4. ഒലിവ് പബ്ലിക്കേഷൻസ് – 7
5. തിയോ ബുക്സ് – 6
6. റീഗൽ പബ്ലിഷേഴ്സ് – 4
7. ഗ്രീൻ ബുക്സ് – 3
8. ലിപി പബ്ലിക്കേഷൻസ് – 2
9. സങ്കീർത്തനം പബ്ലിക്കേഷൻസ് – 2
10. അഡോൺ പബ്ലിക്കേഷൻസ് – 1
11. ചിന്ത പബ്ലിഷേഴ്സ് – 1
12. ഗ്രാൻഡ് ബുക്സ് – 1
13. ഹൈ ടെക് ബുക്സ് – 1
14. മാരാർ സാഹിത്യപ്രകാശം – 1
15. മീഡിയ ഹൗസ് – 1
16. നാഷണൽ ബുക് സ്റ്റാൾ – 1
17. നാഷണൻ ബുക് ട്രസ്റ്റ് – 1
18. ന്യൂ ബുക്സ് – 1
19. പെൻ ബുക്സ് – 1
20. പൂർണ പബ്ലിക്കേഷൻസ് – 1
എ പി അബ്ദുള്ളക്കുട്ടിയുടെ നിങ്ങളെന്നെ കോൺഗ്രസാക്കി (61), ഡോ എം വി ഐ മമ്മിയുടെ പ്രമേഹം എന്നന്നേക്കുമായി മാറ്റാം (68), എ ശ്രീധരമേനോന്റെ കേരളചരിത്രം (78), കെ എസ് അനിയന്റെ ജീവിതമെന്ന അദ്ഭുതം (89) വെങ്ങാനൂർ ബാലകൃഷ്ണന്റെ താളിയോല (96) എന്നിവയാണ് ആദ്യനൂറിലെ മറ്റു പുസ്തകങ്ങൾ.

മലയാളത്തിലെ തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളറിയാൻ ഇതു വായിച്ചാൽ മതി. Thanks Indulekha for sharing!
എല്ലാ പ്രസാധകരുടെയും പുസ്തകങ്ങളുൾപ്പെടുത്തി ഇങ്ങനെയൊരു കണക്കെടുപ്പ് മലയാളത്തിൽ ഇതാദ്യമാണെന്നു തോന്നുന്നു. രസകരമാണ് ഇങ്ങനെയൊരു തിരിഞ്ഞുനോട്ടം. വരും വർഷങ്ങളിലും ഈ ലിസ്റ്റ് പുറത്തിറക്കണമെന്ന് അഭ്യർത്ഥന.
മനോഹരമായ ലിസ്റ്റിങ്ങ്. നന്നായി. പ്രയോജനപ്രദം. ഇതിനി മുടങ്ങേണ്ട !
Thanks Indulekha for this list..:) :). It will be great if such a list is published every year :)
, I have been searching for this kind of info since I started reading
thanks
ഈ സംരഭത്തിനു ടോം മങ്ങാട്ടിനും സംഘത്തിനും എന്റെ കൂപ്പു കൈ. പുസ്തക പ്രേമികള്ക്ക് ഇനി നല്ല പുസ്തകം തേടി അലയേണ്ടി വരില്ലാ എന്ന് ചുരുക്കം. ഈ നല്ല തുടക്കം നന്നായി വീണ്ടും അറിയിക്കുക. ആശംസകള്
ഏരിയല് ഫിലിപ്പും സംഘവും :-)
ഇന്ദുലേഖയിലല്ലാതെ വേറെ എവിടെയും സത്യസന്ധവും ജനകീയവുമായ ഒരു ലിസ്റ്റ് കാണാൻ കഴിയില്ല. വളരെ നന്ദി, സന്തോഷം. എല്ലാ വർഷവും ഒരു update പ്രതീക്ഷിക്കുന്നു.
Great effort..!!
Tom, could you please publish the list of he 100 books? Thanks in advance.
Please list all books in order of popularity with author. Thanks a lot for your good write up.